മലയാളികളുടെ ആക്രമണം സഹിക്കാനാകാതെയാണോ ന്യൂയോര്‍ക്ക് ടൈസ് മാപ്പ് പറഞ്ഞത്

മംഗള്‍യാനിനെ കുറിച്ച് കാര്‍ട്ടൂണ്‍ ഇട്ട ന്യൂയോര്‍ക് ടൈംസ് സോഷ്യല്‍ മീഡിയയിലൂടെയുള്ള മലയാളികളുടെ കടുത്ത ആക്രമണം സഹിക്കാതെയാണ് മാപ്പ് പറഞ്ഞതെന്ന് റിപ്പോര്‍ട്ട്. കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച ശേഷം ന്യൂയോര്‍ക്ക് ടൈസ് ഫേസ് ബുക്കിലും ട്വിറ്ററിലും പ്രസിദ്ധീകരിച്ച ഓരോ വാര്‍ത്തയ്ക്കു താഴെയും മലയാളത്തിലുള്ള കടുത്ത ആക്രമണങ്ങളാണ് കഴിഞ്ഞ നാലു ദിവസമായി തുടര്‍ന്നത്.
പോളണ്ടിന്റെ സാമ്പത്തിക നിലയെക്കുറിച്ച് ന്യൂയോര്‍ക്ക് ടൈസ് കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ച വാര്‍ത്തയ്ക്കു താഴെ ഫേസ് ബുക്കില്‍ വന്ന ആദ്യ കമന്റ് പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത് എന്ന മംഗ്‌ളീഷ് വാക്ക്. അതിനു താഴേ സായിപ്പേ എന്ന വിളിയോടെ ഊ .. എന്ന അക്ഷരം ആവര്‍ത്തിച്ച് മറ്റൊരു കമന്റ്.
ന്യൂയോര്‍ക് ടൈംസ് എന്ന പത്രം ചരിത്രത്തിലാദ്യമായാകണം ഇങ്ങനെയൊരു പ്രതിസന്ധി നേരിടുന്നത്. ഏതു വാര്‍ത്ത കൊടുത്താലും അതിനെല്ലാം താഴെ മലയാളത്തിലും മലയാളം ഇംഗ്‌ളീഷില്‍ എഴുതുന്ന മംഗ്‌ളീഷിലും കമന്റുകളുടെ പെരുമഴ.
ന്യൂയോര്‍ക് ടൈംസ് ദിനപ്പത്രം ഒടുവില്‍ ഫേസ് ബുക്കിലൂടെ മാപ്പ് പറഞ്ഞപ്പോള്‍ പിന്നീട് ഇട്ട എല്ലാ വാര്‍ത്തകള്‍ക്കു താഴെ മലയാളത്തിലുള്ള ആഹ്‌ളാദ പ്രകടനം. മലയാളീസിനോട് കളിച്ചാല്‍ ഇങ്ങനെ ഇരിക്കും എന്ന് ആവര്‍ത്തിക്കുന്ന കമന്റുകള്‍. മാപ്പു പറഞ്ഞിട്ടും രക്ഷയില്ലാതെ ന്യൂയോര്‍ക് ടൈംസ് കിതയ്ക്കുകയാണ്.
വാര്‍ത്തയ്ക്കല്ല, ഒരു കാര്‍ട്ടൂണിന്റെ പേരില്‍ മാപ്പ് പറയേണ്ടി വരുന്നത് മാധ്യമചരിത്രത്തില്‍ അപൂര്‍വ സംഭവമാണ്. ഏകാധിപത്യ ഭരണത്തില്‍ പോലും കാര്‍ട്ടൂണുകള്‍ വിമര്‍ശന ബുദ്ധിയോടെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട് എങ്കിലും ഇതുപോലെ ആക്രമണം നേരിടേണ്ടി വന്നിട്ടില്ല.
ന്യൂയോര്‍ക്ക് ടൈംസിനോ അമേരിക്കക്കാര്‍ക്കോ പൂര്‍ണമായും മനസ്സിലായിട്ടുണ്ടാകില്ല എങ്കിലും മലയാളികള്‍ വിമര്‍ശിക്കാന്‍ ഉപയോഗിച്ച ഭാഷ അവര്‍ തിരിച്ചറിഞ്ഞാല്‍ പിന്നെ മലയാളിയായി നടക്കാന്‍ കഴിയില്ല എന്നൊരു കമന്റും ഇടയില്‍ കണ്ടു. മരിയ ഷറപ്പോവയ്ക്ക് നേരിടേണ്ടി വന്നതിലും കടുത്ത ഭാഷാ അതിക്രമമാണ് ന്യൂയോര്‍ക്ക് ടൈംസ് സോഷ്യല്‍ മീഡിയാ മലയാളിയില്‍ നിന്ന് നേരിട്ടത്.

No comments:

Post a Comment