CPI
സിപിഐയില്‍ അച്ചടക്ക നടപടി: വെഞ്ഞാറമ്മൂട് ശശിയെ മാറ്റി; രാമചന്ദ്രന്‍നായരെ തരംതാഴ്ത്തി
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് സിപിഐയില്‍ അച്ചടക്ക നടപടി. വെഞ്ഞാറമൂട് ശശിയെ തിരുവനന്തപുരം ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി. നിര്‍വാഹകസമിതി യോഗത്തിലാണ് ഇതുസംബന്ധിച്ചുള്ള തീരുമാനമുണ്ടായത്. വെഞ്ഞാറമ്മൂട് ശശിക്ക് പകരം അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബുവിനാണ് സെക്രട്ടറിയുടെ ചുമതല. ആരോപണവിധേയനായ പി രാമചന്ദ്രന്‍നായരെ സംസ്ഥാന എക്സിക്യുട്ടീവില്‍ നിന്ന് പുറത്താക്കി. രാമചന്ദ്രന്‍നായരെ ജില്ലാ എക്സിക്യൂട്ടീവിലേക്ക് തരംതാഴ്ത്തി. കൂടാതെ പാര്‍ടി മുഖപത്രമായ ജനയുഗത്തിന്റെ സിഎംഡി സ്ഥാനത്ത് നിന്ന് രാമചന്ദ്രന്‍നായരെ മാറ്റാനും യോഗം തീരുമാനിച്ചു. കേന്ദ്ര എക്സിക്യൂട്ടീവ് അംഗവും സിപിഐ നിയമസഭാകക്ഷി നേതാവുമായ സി ദിവാകരനെതിരെ നടപടി എടുക്കണമെന്ന് കേന്ദ്രനേതൃത്വത്തോട് ശുപാര്‍ശ ചെയ്യും. സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട തീരുമാനമെടുത്ത സംസ്ഥാന സെക്രട്ടേറിയറ്റിനെ താക്കീത് ചെയ്യാനും നിര്‍വ്വാഹകസമിതി യോഗം തീരുമാനിച്ചിട്ടുണ്ട്.
പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നുവെന്ന് വെഞ്ഞാറമൂട് ശശി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വാര്‍ത്തകള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയെന്നതാണ് തനിക്കെതിരായ ആരോപണം. ജില്ലാഘടകം നല്‍കിയ സ്ഥാനാര്‍ത്ഥി ലിസ്റ്റില്‍ ബെനറ്റിന്റെ പേരില്ലായിരുന്നു. ബെനറ്റിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചത് സംസ്ഥാന സെക്രട്ടറിയേറ്റാണ്. താനെങ്ങനെ ഉത്തരവാദിയാകുമെന്നും വെഞ്ഞാറമൂട് ശശി ചോദിക്കുന്നു. മറ്റു പാര്‍ട്ടികളിലെ ചില പ്രവണതകള്‍ സിപിഐയിലും വന്നുതുടങ്ങി. സീറ്റ് മോഹികളായ ചിലര്‍ക്ക് ബെനറ്റിന്റെ സ്ഥാനാര്‍ത്ഥിത്വം ഇഷ്ടപ്പെട്ടില്ലെന്നും വെഞ്ഞാറമ്മൂട് ശശി പറഞ്ഞു.
എന്നാല്‍ വിഭാഗീയതയുടെ ഇരയാണെന്ന് രാമചന്ദ്രന്‍നായര്‍ യോഗശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പാര്‍ട്ടിക്കകത്തുള്ള ആളുകള്‍ കെട്ടിച്ചമച്ച ആരോപണങ്ങളാണ് പ്രചരിക്കുന്നതെന്ന് പി രാമചന്ദ്രന്‍നായര്‍ പറഞ്ഞു. ആരോപണങ്ങള്‍ അവാസ്തവമാണ്. താന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. സാമ്പത്തിക ക്രമക്കേടിന്റെ പേരിലല്ല നടപടി. നടപടിക്ക് കാരണം സാമ്പത്തിക ക്രമക്കേട് എന്ന് സെക്രട്ടറി പറഞ്ഞാല്‍ ശക്തമായി പ്രതികരിക്കും. നടപടി മറ്റ് അജണ്ടകളുടെ പേരിലാണെന്ന് പി രാമചന്ദ്രന്‍ നായര്‍ പറഞ്ഞു. ആരോപണങ്ങള്‍ ചമച്ച് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കുന്നുവെന്നു. നടപടിയെക്കുറിച്ച് പറയേണ്ടത് പാര്‍ടി സെക്രട്ടറിയാണ്. ഇല്ലെങ്കില്‍ അപ്പോള്‍ താന്‍ കാര്യങ്ങള്‍ വിശദീകരിക്കാമെന്നും രാമചന്ദ്രന്‍നായര്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നത് പാര്‍ട്ടി ഉന്നതഘടകമാണ്. അതുകൊണ്ടുതന്നെ ഉത്തരവാദിത്തവും അവര്‍ക്കാണ്.
വിമര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ സെക്രട്ടറി സ്ഥാനം ഒഴിയാമെന്ന് പന്ന്യന്‍ രവീന്ദ്രന്‍ യോഗത്തില്‍ പറഞ്ഞതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും ആരോപണങ്ങളില്‍ ദുഃഖിതനെന്നും സിപിഐ സെക്രട്ടേറിയറ്റില്‍ പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. എന്നാല്‍ പന്ന്യന്‍ രവീന്ദ്രന്‍ സംസ്ഥാനസെക്രട്ടറി സ്ഥാനം ഒഴിയേണ്ടെന്നും അടുത്ത സമ്മേളനം വരെ പന്ന്യന്‍ തുടരണമെന്നും ദേശീയ നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.
സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച പാര്‍ട്ടിതല അന്വേഷണ റിപ്പോര്‍ട്ടില്‍ വെഞ്ഞാറമൂട് ശശി അടക്കമുള്ളവരുടെ പേര് ഉള്‍പ്പെട്ടിരുന്നു. സി. ദിവാകരന്‍, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം അഡ്വ. പി. രാമചന്ദ്രന്‍നായര്‍, തിരുവനന്തപുരം ജില്ലാ സെക്രട്ടറി വെഞ്ഞാറമൂട് ശശി എന്നിവര്‍ക്ക് പുറമെ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനും സംസ്ഥാന സെക്രട്ടേറിയറ്റിനുമെതിരെയും കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു.






No comments:
Post a Comment