Iritty

iritty

കനത്തമഴയില്‍ ജില്ലയില്‍ വന്‍നാശം.

വെള്ളിയാഴ്ച പെയ്ത കനത്തമഴയില്‍ ജില്ലയില്‍ വന്‍നാശം. ജില്ലയില്‍ നാലിടത്ത് ഉരുള്‍പൊട്ടലുണ്ടായി. നിരവധി സ്ഥലങ്ങളില്‍ മണ്ണിടിഞ്ഞുവീണ് ഗതാഗതതടസ്സവും വീടുകള്‍ക്ക് നാശവും സംഭവിച്ചു. കൊട്ടിയൂര്‍ പാല്‍ചുരം- വയനാട് റോഡില്‍ ആശ്രമംവളവിനടുത്ത് മലയിടിഞ്ഞുവീണ് ഗതാഗതം പൂര്‍ണമായും നിലച്ചു. ഇതുവഴി മാനന്തവാടിയിലേക്കുള്ള ബസ് സര്‍വീസുകള്‍ നെടുമ്പൊയില്‍ വഴി തിരിച്ചുവിട്ടു. കീഴ്പ്പള്ളി കോയ്യോട്ട് രണ്ടുവയസ്സുകാരിയെ കാണാതായി. വീട്ടില്‍ കളിച്ചുകൊണ്ടിരുന്ന ദിയയെയാണ് കാണാതായത്. വീടിനടുത്തുള്ള തോട് നിറഞ്ഞൊഴുകുന്ന നിലയിലാണ്. കുട്ടി തോട്ടിലകപ്പെട്ടതാകാമെന്നാണ് സംശയം.  കേളകത്തിനടുത്ത് രാമച്ചിയില്‍ ഉരുള്‍പൊട്ടി വന്‍ കൃഷിനാശം സംഭവിച്ചു. ഒരേക്രയോളം കൃഷിയിടം ഒലിച്ചുപോയി. 15-ഓളം വീടുകളില്‍ വെള്ളംകയറി.  കനത്തമഴയില്‍ ജില്ലയില്‍ 50-ലേറെ വീടുകള്‍ക്ക് നാശം സംഭവിച്ചു. മരം പൊട്ടിവീണും മറ്റും പലഭാഗത്തും വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു. മലയോരപ്രദേശങ്ങളില്‍ പുഴ കരകവിഞ്ഞൊഴുകുയും റോഡിലേക്ക് മണ്ണിടിഞ്ഞുവീണും ഒട്ടേറെ പ്രദേശങ്ങള്‍ ഒറ്റപ്പെട്ട നിലയിലാണ്. നാശനഷ്ടങ്ങളുടെ കണക്ക് വില്ലേജ് അധികൃതര്‍ ശേഖരിച്ചുവരികയാണ്.  അയ്യന്‍കുന്ന് പഞ്ചായത്തിലെ മുടിക്കയത്ത് മണ്ണിടിച്ചിലില്‍ അഞ്ചു കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. എടൂരില്‍ മണ്ണിടിഞ്ഞ് രണ്ടുവാഹനങ്ങള്‍ തകര്‍ന്നു. ഒരാള്‍ക്ക് പരിക്കേറ്റു. വിളമനയിലും കരിയാലിലും മണ്ണിടിഞ്ഞുവീണ് രണ്ടുവീടുകള്‍ ഭാഗികമായി തകര്‍ന്നു. കാക്കയങ്ങാട് ടൗണില്‍ നിരവധി കടകളില്‍ വെള്ളംകയറി. ഇരിട്ടി-പേരാവൂര്‍ റൂട്ടില്‍ പയഞ്ചേരിയില്‍ വെള്ളം കയറി വാഹനഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. വിളമന കരിവണ്ണൂരിലെ മൈലപ്രവന്‍ ബാലന്‍ നമ്പ്യാരുടെ വീട്ടിനുപുറകുവശത്തെ മണ്ണിടിഞ്ഞ് അടുക്കളഭാഗം ഭാഗികമായി തകര്‍ന്നു. വീട്ടിലുണ്ടായിരുന്നവര്‍ പരിക്കേല്കാതെ രക്ഷപ്പെട്ടു. മീത്തലെ പുന്നാട് കല്ലംകോട് ഭാഗത്ത് റോഡില്‍ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. പുന്നാട് എസ്.ബി.ടി. ബാങ്കിന് സമീപം വെള്ളംകയറി പ്രദേശത്തെ നിരവധിപ്പേരുടെ കപ്പ, വാഴ എന്നിവ നശിച്ചു. വട്ട്യറ കരിയാലില്‍ വീടിനുപിറകില്‍ മണ്ണിടിഞ്ഞുവീണ് ഇലവുങ്കല്‍ ഏലിയാമ്മയുടെ വീടിന്റെ അടുക്കള ഭാഗം ഭാഗികമായി തകര്‍ന്നു. അടുക്കളയില്‍ ജോലി ചെയ്യുകയായിരുന്ന ഏലിയാമ്മയുടെ മക്കളായ സലി, ലിനി എന്നിവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.  ഇരിട്ടി-പേരാവൂര്‍ റൂട്ടില്‍ പയഞ്ചേരി ജങ്ഷനു സമീപം തോട്ടില്‍ വെള്ളംനിറഞ്ഞ് റോഡിലേക്കു കയറിയതിനാല്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. ബസ്സുകളും വലിയ വാഹനങ്ങളും മാത്രമാണ് സര്‍വീസ് നടത്തിയത്. ഉളിയില്‍ തോട് കരകവിഞ്ഞൊഴുകി. ഉളിയില്‍ സ്‌കൂള്‍ ഉള്‍പ്പൈട പ്രദേശത്ത് നിരവധി താഴ്ന്നപ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി.

No comments:

Post a Comment